ആസന്ന സഭാ തര്‍ക്കങ്ങള്‍ - കത്തോലിക്കാസഭയില്‍
യാക്കോബായ ഓർത്തഡോക്സ് സഭാതർക്കങ്ങളും അതിന്മേലുള്ള കോടതി വിധിയും ഇന്നൊരു പരിണാമഗുപ്തിയിലെത്തി നില്ക്കുന്നു. കോടതി പല കാരണങ്ങളാൽ ഒട്ടു മിക്ക യാക്കോബായ പള്ളികളും ഓർത്തഡോക്സ് വിഭാഗത്തിന് അവകാശപ്പെട്ടതാണെന്ന് വിധി പൊറുപ്പെടുവിച്ചിരിക്കുന്നു. ഈ വിധിക്കനുസരിച്ചല്ലാതെ ഗവർമെൻറിനോ, വ്യക്തികൾക്കൊ, സമുദായങ്ങൾക്കൊ, കോടതിക്കു തന്നെയോ ഒന്നും ചെയ്യാൻ സാധിക്കുന്നില്ല.
ഇത്തരത്തിൽ ഒരു സ്ഥിതിവിശേഷം കത്തോലിക്കാർക്കുണ്ടാകുമോ?
ഒറ്റ സ്വരത്തിൽ ഇല്ലെന്നായിരിക്കും അകത്തോലിക്കർ പോലും പറയുന്നത്. എന്നാൽ ഓരോ പള്ളിയുടെയും ഭരണച്ചുമതലയും ഉടമസ്ഥാവകാശവും അതതു ഇടവകക്കാർക്കല്ലാത്ത സാഹചര്യത്തിൽ ഒരു കോടതിക്കേസുണ്ടാവുകയും ഇതുപോലൊരു പൊതുവിധിയെ നേരിടുകയും ചെയ്യേണ്ട സാഹചര്യമുണ്ടായാൽ തീർച്ചയായും കത്തോലിക്കാപള്ളികളും ഇത്തരം പ്രതിസന്ധിയിലകപ്പെട്ടേക്കാം.
ഇത് വെറുമൊരു ഭയപ്പെടുത്തലല്ല. ഇതിനുള്ള ലക്ഷണങ്ങൾ കുറെ വർഷങ്ങളായി കേരള കത്തോലിക്കാസഭയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രാർഥനയുടെ കവചങ്ങൾ ഫലിക്കാത്ത രീതിയിൽ ക്രൈസ്തവസമൂഹം സത്യത്തിൽ നിന്നും ധർമ്മത്തിൽ നിന്നും നീതിയിൽ നിന്നും ഒരുപാടകലെയായിരിക്കുന്നു. പൂച്ച പാല് കുടിക്കുമ്പോൾ കണ്ണടച്ചു പിടിക്കുന്നതുപോലുള്ള ഒരു കപടാചാരമായി പ്രാർഥന മാറിയിരിക്കുന്നു. യേശുവിന്റെ പ്രബോധനങ്ങൾ അനുയായികളുടെ ആത്മവിശുദ്ധീകരണമാണ് ലക്ഷ്യം വയ്ക്കുന്നതെന്നുള്ള സത്യത്തെ മറച്ചുപിടിച്ചുകൊണ്ടു എല്ലാത്തിലും പരമമായത് പ്രാർഥനയാണെന്നുള്ള രീതിശാസ്ത്രത്തെ വിശ്വാസിയുടെ ജീവിതക്രമത്തിലേക്ക് ആഴ്ത്തിയിറക്കാൻ അറിഞ്ഞും അറിയാതെയും നടത്തിയിട്ടുള്ള ശ്രമങ്ങൾ വിശ്വാസത്തെയും ഭക്തിയെയും ശബ്ദകോലാഹലമയമാക്കിയിരിക്കുന്നു. സകലജാതിസങ്കരയിനമായ ഭാരത ക്രൈസ്തവസമൂഹം, ഇസ്രയേലിൻെ്‌റയും യഹൂദവംശത്തിന്റെയും ഭാഗമാണെന്ന് വരുത്തിതീർത്തു, അവർക്ക് അവകാശപ്പെട്ടതെന്നു കരുത്തുന്ന ഒരു സ്വർഗ്ഗരാജ്യത്തിന്റെ സുന്ദരസ്വപ്നങ്ങളിലേക്ക് അവരെ ആട്ടിത്തെളിക്കാൻ നേതൃത്വത്തിന് കഴിഞ്ഞിരിക്കുന്നു. കുരിശ്ശിൽക്കിടക്കുന്ന യേശുവിനെ 'മണിയടി'ച്ചു സ്വർഗ്ഗരാജ്യം കരസ്ഥമാക്കിയ 'നല്ല കള്ളനെ' മാതൃകയാക്കി രക്ഷപ്പെടുവാൻ മനഃപൂർവ്വമായ 'മണിയടി' പ്രാർഥന മാത്രം മതിയെന്ന ഒരു ധാരണയും മാനസികാവസ്ഥയും സ്വയവും, വിശ്വാസികളിലും ആവേശിപ്പിച്ചിരിക്കുന്നു. ഇത്തരമൊരവസ്ഥയുടെ സ്വാഭാവിക പരിണാമമാണ് ഇടപെടുന്ന സകല മേഖലകളിലും സത്യ-ധർമ്മ-നീതികളെ പൂർണ്ണമായും കൈവിട്ടുകൊണ്ട് കൗശലപൂർണമായ രീതിയിൽ ഇടപാടുകൾ നടത്തുന്ന രീതി സഭാഭരണത്തിലും പൊതു-സ്വകാര്യ ഇടപെടലുകളിലും പുരോഹിതരും വിശ്വാസികളും സ്വീകരിക്കുന്നത്. അതുവഴി ക്രൈസ്തവന്റെ ഏറ്റവും വലിയ അടയാളവും സ്വത്തുമായിരുന്ന വിശ്വാസ്യത ഇല്ലാതാവുയും ചെയ്തു.
തത്വങ്ങളും വ്യാഖ്യാനങ്ങളും അങ്ങനെയൊക്കെ കിടക്കുമ്പോഴും മുൻപ് ചോദിച്ച ചോദ്യത്തിന് എന്താണുത്തരം? കത്തോലിക്കാ പള്ളികൾക്ക് യാക്കോബായപ്പള്ളികൾക്കുണ്ടായതുപോലുള്ള എന്തെങ്കിലും ഭീഷണി ഉണ്ടോ? എന്റെ എളിയ ധാരണയനുസരിച്ച് അത്തരമൊരു സാധ്യത നിലവിലുണ്ട്.
ഇന്ന് നാട്ടിലുള്ള എല്ലാ കത്തോലിക്കാ ദേവാലയങ്ങളും, അനുബന്ധ സ്ഥാവരജംഗമ സ്വത്തുക്കളും 1970-80 കളിൽ നടന്ന ഒരു സംഘടിത നീക്കത്തിലൂടെ അതതു രൂപതാധ്യക്ഷൻമാർ കൈവശപ്പെടുത്തി. (ഇതിനു പിന്നിൽ പ്രവർത്തിച്ച ബുദ്ധികേന്ദ്രങ്ങൾ ആരാനെന്നതും, മോഡസ് ഓപ്പറാണ്ടി എന്തായിരുന്നെന്നതും ഒക്കെ ഈ സ്വത്തിന്റെ യഥാർത്ഥ ഉടമകളായ സാദാ വിശ്വാസികൾ അന്വേഷിച്ചു വയ്‌ക്കേണ്ടതുണ്ട്. അത്തരം വിവരങ്ങൾ വരും തലമുറയ്ക്ക് പ്രയോജനപ്പെടും.) അങ്ങിനെ ചെമ്പകശ്ശേരി രാജാവ് ചില കുടുംബങ്ങൾക്ക് പണിതു നൽകിയ കുടമാളൂർ പള്ളിയുൾപ്പടെ (എന്റെ അടുത്തുള്ള ഒരു വലിയ പള്ളി, മറ്റു പള്ളികളുടെയും കഥ വ്യത്യസ്ഥമല്ല) കേരളത്തിലെ കോടിക്കണക്കായ രൂപയുടെ മുഴുവൻ 'വിശ്വാസസമ്പത്തും' ഉടമകൾക്ക് നഷ്ടമായി. ഏറ്റെടുത്തവർ ഇതിനു പ്രതിഫലമായി ഒന്നും നൽകിയില്ലെന്ന് മാത്രമല്ല, മറിച്ചു പള്ളിയുൾപ്പടെയുള്ള സ്വത്തുക്കൾ കുർബാന കാണുന്നതുൾപ്പടെയുള്ള സേവനങ്ങൾക്ക് വിട്ടുതരുന്നതിലേക്കുള്ള കപ്പമായി ഓരോ ഇടവകയുടെയും വരുമാനത്തിന്റെ സിംഹഭാഗവും ഈടാക്കുകയും ചെയ്യുന്നു. കൂടാതെ കാലത്തിനു മുൻപേയോടുന്ന കത്തോലിക്കാ വിശ്വാസസമൂഹം ഏറ്റവും നൂതന ധനാഗമമാർഗ്ഗങ്ങൾ കണ്ടെത്തി, വിശ്വാസികളെ പിഴിഞ്ഞ്പിരിച്ച് അവ സ്ഥാപിച്ചെടുക്കുന്നു. വർഷം തോറും അസ്സറ്റ് ഇമ്പ്രൂവ്‌മെന്റ് ഉണ്ടാക്കുന്നു. സഭാധികാരികൾ അതുപയോഗിച്ച് സകല വൃത്തികേടുകളിലും മുഴുകുകയും ചെയ്യുന്നു.
എന്നാൽ മലങ്കര സഭകളിൽ ഇന്നുണ്ടായിരിക്കുന്ന പ്രതിസന്ധി പുറമെ നിന്നു വീക്ഷിക്കുമ്പോൾ അതിനു കാരണമായി തീർന്നിട്ടുള്ളത് പ്രധാനമായും പള്ളി സ്വത്തുക്കളുടെ കോർപ്പറേറ്റ് ഉടമസ്ഥാവകാശമാണ് എന്നു കാണാവുന്നതാണ്. ഓരോ പള്ളിയും ഓരോരോ ലോക്കൽ ഉടമകളുടെ (വ്യക്തിഉടമകളല്ല, സംഘടിത ഉടമസ്ഥാവകാശം) കൈവശത്തിലായിരുന്നെങ്കിൽ ഒറ്റ വിധിയിൽ എല്ലാ പള്ളികളും അടിപ്പെട്ടു പോകുകയില്ലായിരുന്നു. ഓരോ പള്ളിയും സംബന്ധിച്ചു പ്രത്യേക കേസുകളും വിധികളും ആവശ്യമായി വരുമായിരുന്നു.
മലങ്കരസഭകളിലെ തർക്കം രണ്ടായി പിരിഞ്ഞ സഹോദരസഭാവിഭാഗങ്ങളിൽ നിന്നയിരുന്നുവെങ്കിൽ കത്തോലിക്കാസഭയിൽ ഒരു റീത്തിൽതന്നെയുള്ള വ്യത്യസ്ത ശക്തികേന്ദ്രങ്ങൾ തമ്മിലുള്ള വടംവലിയായിരിക്കും പ്രശ്‌നങ്ങൾക്ക് വഴിമരുന്നിടുക. ഉദാഹരണത്തിന് സീറോമലബാർ സഭയുടെ പരമാധികാരം സംബന്ധിച്ചു രൂപതകൾക്കിടയിൽ ഒരു തർക്കമുണ്ടാകാനുള്ള സാധ്യത ഒട്ടും തള്ളിക്കളയാനാകില്ല എന്നുള്ളത് സമീപകാല സംഭവങ്ങളിൽ നിന്നും വ്യക്തമായിട്ടുള്ള കാര്യമാണല്ലോ. അങ്ങിനെയാണെങ്കിൽ മേജർ ആർച്ചുബിഷപ്പ് എടുക്കുന്ന ഒരു നയത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന ഒരു ബിഷപ്പോ, രൂപതയോ തലപൊക്കുന്നതായികണ്ടാൽ അതിനെതിരെ അധികാരം സ്ഥാപിക്കുന്നതിനായി മേജർ ആർച്ച് ബിഷപ്പ് എടുക്കുന്ന നടപടി സ്വാഭാവികമായും ഒരു സിവിൽകേസിലേയ്ക്കാകും ചെന്നെത്തുക. അപ്പോൾ കാനൻ ലോ ബൈലോ ആയി സ്വീകരിക്കുന്ന എല്ലാ രൂപതയും മേജർ ആർച്ചുബിഷപ്പിന്റെ കീഴിലാവും. മറ്റ് രൂപതകളുടെ കീഴിലുള്ള പള്ളികളും മേജർ ആർച്ചുബിഷപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാവുകയും അവയുടെ സ്വത്തവകാശം മേജർ ആർച്ചുബിഷപ്പ് കയ്യാളുകയും ചെയ്യുമ്പോൾ ഇന്ന് മലങ്കരസഭയിൽ സംഭവിക്കുന്നതും അതിൽ കൂടുതലും സീറോയിലും സംഭവിക്കുമെന്നുള്ള കാര്യത്തിൽ ആർക്കാണ് സംശയമുള്ളത്?
എന്താണ് പ്രതിവിധി? ഒറ്റ പ്രതിവിധി മാത്രം. പള്ളിസ്വത്തുക്കളുടെ ഉടമസ്ഥാവകാശം, അവയുടെ യഥാർത്ഥ ഉടമകളായ പ്രാദേശീയരുടെ ജനകീയസമിതിക്ക് വിടുക. അതിനുള്ള നിയമ നിർമ്മാണം നടത്തുക.